Business
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ വിതരണശൃംഖലകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനറികൾ അടുത്ത മാസത്തെ ഡെലിവറിക്കായി 60 മില്യണ്‍ (ആറു കോടി) ബാരൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതായി റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനാണ് ഈ നടപടി.
വിപണിയിൽ എണ്ണയുടെ കുറവും വർധിച്ച ആവശ്യകതയും കാരണം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ ബാരലിന് അഞ്ചു മുതൽ 15 ഡോളർ വരെ അധിക പ്രീമിയം നല്‍കിയാണ് ഇന്ത്യ വാങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾപ്രകാരം ഈ എണ്ണയുടെ അളവ് ഈ മാസം വാങ്ങിയതിനു സമാനവും എന്നാൽ, ഫെബ്രുവരിയിൽ ഇറക്കുമതി ചെയ്തതിനേക്കാൾ ഇരട്ടിയിലധികവുമാണ്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ എണ്ണക്ഷാമം പരിഹരിക്കുന്നതിന് മാർച്ച് അഞ്ചിനു മുന്‍പ് കപ്പലുകളിൽ നിറച്ച റഷ്യൻ എണ്ണ ഇന്ത്യയിലേക്കു കൊണ്ടുപോകാൻ യുഎസ് ഇളവ് നൽകിയതിതെത്തുടർന്നാണ് ഈ വൻ തോതിലുള്ള വാങ്ങൽ നടന്നത്. ഈ ഇളവ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മാർച്ച് 12ന് മുന്‍പ് കടലിലുള്ള ക്രൂഡ് ഓയിൽ വാങ്ങാൻ അനുവദിക്കുന്ന രീതിയിൽ പുതുക്കുകയും ചെയ്തു.
ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ന്റെ തുടക്കത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം വിലക്കിഴിവിൽ ലഭിച്ചിരുന്ന റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായി.
എന്നാൽ, യുഎസ് സമ്മർദത്തെത്തുടർന്ന് ഇന്ത്യ കഴിഞ്ഞ വർഷം അവസാനം മുതൽ റഷ്യൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറയ്ക്കുകയും പകരം സൗദി അറേബ്യ, ഇറാക്ക് എന്നിവിടങ്ങളിൽനിന്നുള്ള എണ്ണയെ ആശ്രയിക്കുകയും ചെയ്തു. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിപ്പോകുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്നതിനു പുറമെ യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ വിതരണ സ്രോതസുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ മാസത്തേക്കായി ഇന്ത്യ എട്ട് മില്യണ്‍ ബാരൽ വെനസ്വേലൻ അസംസ്കൃത എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2020 ഒക്ടോബറിനെക്കാൾ ഉയർന്ന അളവാണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മതിയായ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് രാജ്യം ഊർജ മേഖലയിൽ സ്വയംപര്യാപ്തതം ആകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നേരത്തെ തന്നെ കരുതലായി വലിയ തോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിട്ടുണ്ട്. അതിനാൽ ഉടനടി ഒരു പ്രതിസന്ധി രാജ്യത്തുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എഥനോൾ മിശ്രിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധം മൂലം ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതം കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നലെ കനത്ത നഷ്ടം. പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നതിനെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ ദുർബലാവസ്ഥയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും തകർച്ചയ്ക്കിടയാക്കിത്. വിദേശ നിക്ഷേപരുടെ പിന്മാറ്റം ഇന്ത്യൻ ഓഹരിവിപണിയിൽ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
സെൻസെക്സ് 1837 പോയിന്റ് (2.46%) താഴ്ന്ന് 72,696.39ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 602 പോയിന്റ് (2.6%) ഇടിഞ്ഞ് 22,513ൽ ക്ലോസ് ചെയ്ത്. നിഫ്റ്റി സൂചിക 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
ഇന്നലെയുണ്ടായ കനത്ത വില്പനയിൽ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം മൂല്യം 414.77 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി കണ്‍സ്യൂമർ ഡ്യൂറബിൾസ് (5.17%), നിഫ്റ്റി മെറ്റൽ (4.81%), നിഫ്റ്റി റിയൽറ്റി (4.74%), നിഫ്റ്റി പിഎസ് യു ബാങ്ക് (4.11%) സൂചികകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. എൻഎസ്ഇയിൽ 3008 ഓഹരികൾ താഴ്ന്നപ്പോൾ 332 എണ്ണം മുന്നേറി. 80 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലെത്തെ വിപണി തകർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കൃത്യം ആറു വർഷം മുന്‍പ്, 2020 മാർച്ച് 23ന് ഇന്ത്യയിൽ കോവിഡ്-19ന്റെ വ്യാപനം തടയാൻ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം വിപണിയിലുണ്ടായ വൻ തകർച്ചയുടെ വാർഷികത്തിലാണ് ഇന്നലത്തെ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. അന്ന് നിഫ്റ്റി ഒരു ദിവസം 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
► ► ഇടിവിനുള്ള കാരണങ്ങൾ
എഫ്ഐഐകളുടെ വിൽപ്പന: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിനുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിന്മാറ്റം ശക്തമാക്കി. തുടർച്ചയായ 16-ാമത്തെ സെഷനിലും വില്പനക്കാരായ എഫ്ഐഐകൾ കഴിഞ്ഞ വെള്ളിയാഴ്ച 5518 കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയത്.
യുഎസ് ബോണ്ട് ആദായം ഉയർന്നു: പത്ത് വർഷത്തെ യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള ആദായം 10 ബേസിസ് പോയിന്റ് ഉയർന്ന് 4.4 ശതമാനത്തിനു മുകളിലെത്തി. ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫെഡറൽ റിസർവിന്റെ പലിര നിരക്കു കുറയ്ക്കൽ നടപടികളോട് വേഗത്തിൽ പ്രതികരിക്കുന്ന രണ്ടു വർഷത്തെ യുഎസ് ട്രഷറി യീൽഡുകൾ 3.93 ശതമാനമായി ഉയർന്നു. ബോണ്ട് യീൽഡുകൾ വർധിക്കുന്നത് ഓഹരിവിപണികളേക്കാൾ സർക്കാർ സെക്യൂരിറ്റികളെ കൂടുതൽ ആകർഷമാക്കുന്നു. ഇത് ഓഹരിവിപണികളിൽ സമ്മർദവുമുണ്ടാക്കുന്നു.
ആഗോള വിപണികൾ ഇടിഞ്ഞു: ആഗോള വിപണികളിൽ ഒന്നടങ്കം ഇടിവ് ദൃശ്യമായി. ഏഷ്യൻ വിപണികളിൽ ദക്ഷിണകൊറിയയുട കോസ്പിയിൽ ഏഴു ശതമാനത്തിനടുത്തും ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് സൂചികകളിൽ നാലു ശതമാനത്തിനടത്തും നഷ്ടം നേരിട്ടു.
ഇന്നലെ ഡോളർ ശക്തിപ്പെട്ടതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരേ 94 കടന്നു. ഇന്നലെ 50 പൈസ ഇടിഞ്ഞ് 94.03 നിരക്കിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ ബാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നിരുന്നു. 64 പൈസ ഇടിഞ്ഞ് 93.53ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്റർബാങ്ക് എക്സ്ചേഞ്ചിൽ 93.84ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇടിവ് തുടർന്നതോടെ രൂപയ്ക്ക് മികവിലെത്താനായില്ല.
Leader Page
യുദ്ധം നിർണായകമായ അടുത്ത ഘട്ടത്തിലേക്കു കടന്നു. എണ്ണ-വാതക സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ മുച്ചൂടും നശിപ്പിക്കും എന്നു പരസ്പരഭീഷണിയും മുഴക്കി. യുദ്ധം 20 ദിവസം കഴിയുമ്പോൾ ആരാണു കണ്ണു ചിമ്മുക എന്നല്ല ലോകം കാത്തിരിക്കുന്നത്. ആരെങ്കിലും കണ്ണു ചിമ്മി വലിയ നാശം ഒഴിവാക്കുമോ എന്നാണ്.
ഇറാന്റെ തെക്കൻ പാഴ്സ് വാതകപാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണു സ്ഥിതി വഷളാക്കിയത്. സൗദി അറേബ്യയിലും യുഎഇയിലും റിഫൈനറികളും ഖത്തറിൽ വാതകപാടവും ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഇസ്രേലി ആക്രമണം താൻ അറിഞ്ഞു നടന്നതല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് ഒരവസരം നൽകുകയാണു ചെയ്തത്.
ഇനി ഇറാൻ ഇന്ധനസംവിധാനങ്ങൾ ആക്രമിക്കുന്നില്ലെങ്കിൽ തിരിച്ചും ഇന്ധനമേഖലയെ ആക്രമിക്കില്ല എന്നാണ് ഓഫർ. ഇറാൻ പ്രതികരണം നൽകിയില്ല. സൗദിയുടെ ചെങ്കടൽ തീരത്തെ യാമ്പു റിഫൈനറി ആക്രമിക്കപ്പെട്ടത് അതിനുശേഷമാണ്. ഇറാൻ ഇനി ആക്രമിച്ചാൽ അവരുടെ എല്ലാ എണ്ണ-വാതക പാടങ്ങളും കത്തിക്കും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകൾ കുതിച്ചു കയറി. അതിനിടെ ഹോർമുസിലൂടെ കപ്പൽ കടത്തിവിടാൻ ഫീസ് ഏർപ്പെടുത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
►ട്രംപിന്റെ ഭീഷണി
ഇതാണു നില. ഇപ്പോൾ ലോകത്തിന്റെ ആശങ്ക ഇന്ധനത്തെപ്പറ്റിയാണ്. ഇന്ധനവില എങ്ങും കുതിച്ചുകയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്കു 119 ഡോളർ കടന്ന ശേഷം താഴ്ന്നു 115 ഡോളറിൽ നിൽക്കുന്നു. യുഎഇയുടെ മർബൻ ക്രൂഡ് 129 ഡോളറിൽ തൊട്ടു. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിന്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ഒരു വീപ്പയ്ക്ക് 146.39 ഡോളർ കടന്നു. ഫെബ്രുവരിയിലെ ശരാശരി വിലയായ 69.01 ഡോളറിന്റെ ഇരട്ടിയിലധികം. ഫെബ്രുവരിയിൽ ബ്രെന്റ് ക്രൂഡിൽനിന്നു 12 ഡോളർ താഴ്ത്തി കിട്ടിയിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ബ്രെന്റിനേക്കാൾ അഞ്ചു ഡോളർ കൂടുതൽ നൽകിയാണ് വാങ്ങുന്നത്.
ട്രംപിന്റെ ഭീഷണി ഫലിക്കുകയും എണ്ണ-വാതക പാടങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കുകയും ചെയ്താൽ വില കുറയാം. അല്ലെങ്കിൽ ഇനിയും കുതിക്കും. 120ലോ 130ലോ നിൽക്കാതെ 150 ഡോളറിനു മുകളിലോ 200ലോ ക്രൂഡ് ഓയിൽ വില എത്താം. അതാണു ലോകം ഭയപ്പെടുന്ന ഒരു വിഷയം.
►ഊർജക്ഷാമം അകലെയല്ല
തത്കാലം ക്രൂഡിനു ക്ഷാമമില്ല. ഹോർമുസിലെ സ്ഥിതി ഈ മാസം മാറിയില്ലെങ്കിലും ക്രൂഡ് ദൗർലഭ്യം വിഷയമാകില്ല. അതിനപ്പുറത്തേക്കു നീണ്ടാൽ കാര്യം മാറും. പ്രതിദിനം 10.26 കോടി ബാരൽ ക്രൂഡ് ഓയിലാണ് ആഗോള ഉപയോഗം. റിഫൈനറികളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ സ്റ്റോക്ക് (ക്രൂഡ് വരുന്ന കപ്പലിലും ഉത്പന്നം സൂക്ഷിക്കുന്ന ടാങ്കുകളിലുമായി) സാധാരണ ഉണ്ടാകും. ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യിലെ 32 രാജ്യങ്ങൾ 90 ദിവസത്തേക്കു വേണ്ട എണ്ണ സൂക്ഷിക്കണം. പുറമേ ഐഇഎ യുടെ സ്ട്രാറ്റജിക് റിസർവ് (120 കോടി വീപ്പ) ഉണ്ട്. എല്ലാംകൂടി ചേരുമ്പോൾ അഞ്ചോ ആറോ ആഴ്ച എണ്ണലഭ്യത തടസപ്പെട്ടാലും വലിയ കുഴപ്പമില്ല എന്നു പറയാം. യുദ്ധം നീണ്ടാൽ സാഹചര്യം ഗുരുതരമാകും. ലോകത്തിലെ ഊർജ ആവശ്യത്തിന്റെ 35 ശതമാനം നിറവേറ്റുന്നത് ക്രൂഡ് ഓയിൽ ആണ്.
പ്രകൃതിവാതകത്തിന്റെ കാര്യവും നിർണായകമാണ്. ആഗോള ഊർജ ആവശ്യത്തിന്റെ 24 ശതമാനം ഇപ്പോൾ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാണു നിറവേറ്റുന്നത്. അതിന്റെ സ്റ്റോക്ക് തികച്ചും പരിമിതമാണ്. ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമേ രാജ്യങ്ങൾക്ക് ഉള്ളൂ. ലഭ്യത കുറയുന്നത് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും. പ്രകൃതിവാതകത്തിന്റെ യൂറോപ്പിലെ വില യുദ്ധം തുടങ്ങിയ ശേഷം ഇരട്ടിച്ചു. ഇതു നീണ്ടുനിന്നാൽ ഘനവ്യവസായങ്ങൾ മുതൽ ഇലക്ട്രോണിക് അസംബ്ലിംഗ് വരെയുള്ളവ പ്രതിസന്ധിയിലാകും.
Business
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലെ ചരക്ക് വരവില്‍ വന്‍ ഇടിവ്. കൊച്ചി തുറമുഖത്ത് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ ചരക്ക് വരവ് നേര്‍പ്പകുതിയായി.
മാസം ശരാശരി 15 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ എത്തിയിരുന്നത് കൊച്ചിയില്‍ ഈ മാസം പകുതി വരെ 6.8 ലക്ഷം ടണ്ണായി. കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്കില്‍ 60 ശതമാനവും ക്രൂഡ് ഓയിലാണ്.
പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വരവ് കുറഞ്ഞ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് ഈ മാസം അവസാനത്തോടെ ആറ് കപ്പലുകള്‍ ക്രൂഡ് ഓയിലുമായി കൊച്ചിയിലെത്തും.
ഒരു മാസമായി കൊച്ചിയില്‍ എല്‍പിജി കണ്ടെയ്നറുകള്‍ എത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്ത് ക്രൂഡ് ഓയില്‍ എത്തിക്കാന്‍ സംവിധാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ചാലും ക്രൂഡ് വരവ് സാധാരണ നിലയിലെത്താന്‍ രണ്ടു മാസംകൂടി വേണ്ടിവരും.
National
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്കു പോയ ഏഴു ടാങ്കറുകൾ ദക്ഷിണ ചൈനാക്കടലില്‍ യു ടേണ്‍ അടിച്ച് ഇന്ത്യയിലേക്കു തിരിച്ചു. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതാണ് കപ്പലുകളുടെ ഗതിമാറ്റത്തിനു പ്രധാന കാരണം.
അക്വ ടൈറ്റന് എന്ന ആദ്യകപ്പല്‍ ശനിയാഴ്ച ന്യൂമംഗളൂരു തുറമുഖത്തെത്തും. ജനുവരി അവസാനം ബാള്‍ട്ടിക് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണിതെന്നു ഷിപ് ട്രാക്കിംഗ് ഡാറ്റയില്‍ പറയുന്നു. ചൈനീസ് തുറമുഖമായ റിസോവോയിലേക്കാണു കപ്പല്‍ യാത്ര തിരിച്ചിരുന്നത്.
ലൈബീരിയന്‍ കപ്പലായ സുയസ് മാക്സ് സോസോ എന്‍ എന്ന കപ്പലും ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഗുജറാത്തിലെ സിക്ക തുറമുഖത്ത് കപ്പൽ എത്തും. ഊര്‍ജ ആവശ്യത്തിന്റെ 90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു വലിയ ആശ്വാസമാണ് ഈ സംഭവവികാസങ്ങള്‍.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതോടെ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് യുഎസ് താത്കാലിക അനുമതി നല്‍കിയിരുന്നു.
ഒരുമാസത്തെ ഇളവാണ് യുഎസ് നല്‍കിയിരിക്കുന്നത്. ഈ ഇളവു വന്ന ആദ്യ ആഴ്ച തന്നെ ഇന്ത്യന്‍ റിഫൈനറികള്‍ 30 ദശലക്ഷത്തോളം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യക്കു പിന്നാലെ മറ്റു രാജ്യങ്ങള്‍ക്കും ഇളവ് കൊടുത്തതോടെ ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുകയായിരുന്നു. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യയില്‍നിന്ന് ഏറ്റവും അധികം ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന രാജ്യം.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ പുതിയ റിക്കാർഡ് താഴ്ചയിൽ. 23 പൈസ നഷ്ടത്തിൽ 92.63 നിലവാരത്തിലാണ് ഡോളറിനെതിരേ രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ഉയർന്നത് വിപണിയിലെ ആത്മവിശ്വാസത്തെ തളർത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 92.42 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സെഷന്റെ ഭൂരിഭാഗ സമയവും 92.41-92.48 നിരക്കിൽ വ്യാപാരം തുടർന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ഇടിവ് ശക്തമായി. തലേന്നത്തെ ക്ലോസിംഗിനേക്കാൾ 23 പൈസ നഷ്ടത്തിൽ 92.63 നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയായ 92.65 വരെയെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 92.47നെയാണ് ഇന്നലെ തിരുത്തിയത്.
പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ എട്ടു ബില്യണ്‍ ഡോളറിന്റെ പിൻവലിക്കൽ നടന്നതോടെ രൂപയുടെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയുൾപ്പെടെ പല ദിവസങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളാണ് രൂപയെ കൂടുതൽ താഴ്ചയിലേക്കു പോകാതെ തടഞ്ഞുനിർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ 10 സെഷനുകളിലായി രൂപയുടെ മൂല്യം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റിക്കാർഡ് താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ് -ഇസ്രയേൽ സംയുക്തസേന ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 40.2 ശതമാനം വർധിച്ചു. ബാരലിന് 100 ഡോളറിനു മുകളിൽ സ്ഥിരമായി തുടരുകയുമാണ്. യുദ്ധം ഇന്ത്യയിൽ ഉൗർജ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എണ്ണവില ഉയരുന്നത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിപ്പിക്കാനും പണപ്പെരുപ്പത്തിനും കാരണമാകും.
സൂചികകൾ മൂന്നാം ദിവസവും നേട്ടത്തിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിനവും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ കുറവും ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളുമാണ് വിപണിയെ താങ്ങിയത്. ഐടി ഓഹരികളിലുണ്ടായ വാങ്ങലുകളും വിപണിയുടെ കുതിപ്പിനെ സഹായിച്ചു.
സെൻസെക്സ് 633 പോയിന്റ് (0.83%) ഉയർന്ന് 76,704ലും നിഫ്റ്റി 197 പോയിന്റ് (0.83%) നേട്ടത്തിൽ 23,778ലും ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചിക ഏകദേശം 3.6 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി 23,862 പോയിന്റ് വരെ ഉയർന്നെങ്കിലും 23,850ൽ ശക്തമായ പ്രതിരോധം നേരിടുകയാണ്.
International
ഷിക്കാഗോ: പശ്ചിമേഷ്യയിലെ സംഘർഷം അനുദിനം രൂക്ഷമാകവേ എണ്ണവിലയിൽ വൻ വർധന. എണ്ണവില ഇന്നലെ ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നശേഷം 110 ഡോളറായി.
2022നുശേഷം ആദ്യമായാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് അന്ന് വിലവർധനയ്ക്കു കാരണമായത്. അതിനുശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
കഴിഞ്ഞയാഴ്ച 25 ശതമാനത്തോളം ഉയർന്ന എണ്ണവില ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ വീണ്ടും കുതിച്ചുയർന്നു. ഇതോടെ ഏഷ്യൻ ഓഹരിവിപണിയിൽ ഇടിവുണ്ടായി. ഇന്ത്യൻ ഓഹരിവിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 1352 പോയിന്റും നിഫ്റ്റി 422 പോയിന്റും ഇടിഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധം രണ്ടാം വാരത്തിലേക്കു കടന്നതിനു പിന്നാലെയാണ് എണ്ണവില ഉയർന്നത്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ എണ്ണവിതരണം നിർത്തിയിരിക്കുകയാണ്. ബഹ്റൈനിലെ റിഫൈനറിക്കു നേർക്ക് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ടെഹ്റാനിലെ എണ്ണഡിപ്പോകളിലേക്ക് ഇസ്രയേലും ആക്രമണം നടത്തി.
വിപണിസമ്മർദം കുറയ്ക്കാൻ ജി-7 രാജ്യങ്ങൾ കരുതൽ ശേഖരത്തിൽനിന്ന് എണ്ണ നല്കാൻ തീരുമാനമെടുത്തേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതു മൂലം എണ്ണവിപണിയിൽ അനിശ്ചിതത്വമാണ്.
ആഗോള എണ്ണവിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായിരുന്നു. ഇറാന്റെ മിസൈൽ ആക്രമണഭീഷണിയെത്തുടർന്ന് സൗദി അറേബ്യ, കുവൈറ്റ്, ഇറാക്ക്, ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങൾ ഹോർമുസിലൂടെ കപ്പൽ കൊണ്ടുപോകുന്നില്ല.
ഇറാക്കും കുവൈറ്റും യുഎഇയും ഉത്പാദനം കുറച്ചു. സംഭരണകേന്ദ്രങ്ങൾ നിറഞ്ഞതിനാൽ മിക്ക രാജ്യങ്ങളും ഉത്പാദനം മന്ദഗതിയിലാക്കി. ഇറാൻ ദിവസവും 16 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ്. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. എണ്ണവില വർധന മറ്റു വ്യവസായങ്ങളെയും സാരമായി ബാധിക്കുന്നു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയിലെ എണ്ണക്കന്പനികൾക്കു 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള ബെസന്റിന്റെ പ്രസ്താവന ഇന്ത്യയിൽ വിവാദമായതിനു പിന്നാലെയാണു പരിഹാസം നിറഞ്ഞ പുതിയ പരാമർശം.
"ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നു. ഈ വീഴ്ചയിൽ അനുവദനീയമായ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അങ്ങനെ ചെയ്തു. അമേരിക്കയിൽനിന്നുള്ള എണ്ണ ഉപയോഗിച്ച് അവർ അതു മാറ്റി സ്ഥാപിക്കാൻ പോകുകയായിരുന്നു. എന്നാൽ, ലോകമെന്പാടുമുള്ള താത്കാലിക എണ്ണ വിടവു നികത്താൻ റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ഉപരോധം ഞങ്ങൾ റദ്ദാക്കിയേക്കാം' - ഒരു ബിസിനസ് പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസന്റ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശങ്ങൾക്കും സമ്മർദങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി വഴങ്ങുകയാണെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറിയുടെ പുതിയ പ്രസ്താവന വിവാദമായി.
നാളെ തുടങ്ങുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇക്കാര്യങ്ങളിൽ അടക്കം പ്രക്ഷുബ്ധമാകും. ഇന്ത്യയെ അമേരിക്കയുടെ കുടിയാൻ രാജ്യമാക്കാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം ശിക്ഷാ തീരുവ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചുമത്തിയിരുന്നു.
Leader Page
യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നു. സമാധാനത്തിനായി സൗദി അറേബ്യയും തുർക്കിയും ചില രഹസ്യനീക്കങ്ങൾ നടത്തുന്നുണ്ട്. പക്ഷേ എങ്ങും എത്തിയിട്ടില്ല. യുദ്ധത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചതു ചെറിയ കാര്യമല്ല.
ലോകത്തിൽ കടലിലൂടെയുള്ള ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എൽഎൻജി) 30-32 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണു നീങ്ങുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ പകുതി ഇതു വഴിയാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ മുന്തിയ പങ്കും ഇതു വഴി തന്നെ. മൊത്തം ആഗോള ഇന്ധന ഉപയോഗം നോക്കിയാൽ അതിൽ 20-22 ശതമാനം ഈ കടലിടുക്കിലൂടെയാണ്. അതായത് ലോകത്തിന്റെ ഊർജ-ഇന്ധന സുരക്ഷയ്ക്ക് യുദ്ധം ഭീഷണി ആയിരിക്കുന്നു.
യുദ്ധം തീരാൻ സാധ്യത തെളിയാത്തതു ലോകമെങ്ങും ഇന്ധനവില ഉയർത്തി. ഒരാഴ്ച കൊണ്ടു ക്രൂഡ് ഓയിൽ വില ബ്രെന്റ് ഇനത്തിന് 28ഉം ഡബ്ള്യുടിഐ ഇനത്തിന് 36ഉം ശതമാനം ഉയർന്നു. 1983നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വിലക്കയറ്റം. ബ്രെന്റ് വില ഫെബ്രുവരി 27ലെ 72.87 ഡോളറിൽ നിന്ന് മാർച്ച് ആറിന് 92.69 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം വീപ്പയ്ക്ക് 90.90 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 103.20 ഡോളറിലാണ് എത്തിയത്. പ്രകൃതിവാതക വില യൂറോപ്പിൽ അറുപതും ഏഷ്യയിൽ അൻപതും ശതമാനംവരെ കുതിച്ചു.
ഇതു തുടക്കം മാത്രം
വില എത്രവരെ എത്തും എന്നു പ്രവചിക്കാൻപോലും വിദഗ്ധർക്കു മടിയാണ്. ഖത്തറിന്റെ ഊർജകാര്യ മന്ത്രി സാദ് അൽ കാബി പറഞ്ഞതു 150 ഡോളറിലേക്കു ബ്രെന്റ് ഇനം എത്താം എന്നാണ്. പക്ഷേ അവിടെ നിൽക്കണമെന്നില്ല. പണ്ടു ഹോർമുസ് അടഞ്ഞു കിടന്നപ്പോൾ മൂന്നിരട്ടി വരെയായി വില കൂടിയിട്ടുണ്ട്. ആ കണക്കിലാണെങ്കിൽ ക്രൂഡ് വില 200 ഡോളറിനു മുകളിൽ പോകണം.
ഇന്ത്യ പാചകവാതക വില ഏഴു ശതമാനം ഉയർത്തി. പാക്കിസ്ഥാനിൽ പെട്രോൾ വില 20 ശതമാനം കൂട്ടി ലിറ്ററിനു 321.17 പാക് രൂപ ആക്കി. അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും ഒരാഴ്ച കൊണ്ടു 14 ശതമാനമാണു പെട്രോൾ വില കൂടിയത്. യുദ്ധത്തിനെതിരേ അമേരിക്കയിൽ ജനാഭിപ്രായം വളരുന്നതിനു പ്രധാന കാരണം ഇതാണ്.
ഹോർമുസ് അടഞ്ഞുകിടക്കുമ്പോൾ ലോകത്തിലെ ക്രൂഡ് ഓയിൽ ഉപയോഗത്തിന്റെ 20-22 ശതമാനവും എൽഎൻജിയുടെ 30-31 ശതമാനവും എൽപിജിയുടെ 18-20 ശതമാനവും വിപണിയിൽ എത്താതെ വരും. ഹോർമുസ് വഴിയുള്ളതു മുടങ്ങിയാൽ പകരം അത്രയും ഇന്ധനവും വാതകവും ഇപ്പോൾ കിട്ടാൻ വഴിയില്ല. ഭൂമിക്കടിയിൽ ഇവ വേണ്ടത്ര ഉണ്ടാകും. പക്ഷേ ഉൽപാദനശേഷി ഒരു മാസമോ ആറു മാസമോ കൊണ്ടു വർധിപ്പിക്കാൻ പറ്റില്ല. തുറമുഖശേഷി വർധിപ്പിക്കാനും കാലമെടുക്കും. അതായതു ഹോർമുസ് ഉപരോധം നീണ്ടാൽ ലോകം വലയും.
ക്രൂഡ് ഓയിൽ അഥവാ അസംസ്കൃത പെട്രോളിയത്തിൽനിന്നു പെട്രോളും ഡീസലും മാത്രമല്ല ഇന്ന് എടുക്കുന്നത്. പെയിന്റ്, ചായങ്ങൾ, പോളിഷ് എന്നിവയ്ക്കു വേണ്ട കെമിക്കലുകൾ, പാരഫിൻ, ബിറ്റുമിൻ (ടാർ), പോളിസ്റ്റർ നിർമാണത്തിനു വേണ്ട കെമിക്കലുകൾ തുടങ്ങിയവ കിട്ടുന്നു. പോളി എഥിലിൻ, പോളി പ്രൊപ്പിലിൻ, കൃത്രിമ റബർ, പിവിസി, പ്രൊപെയ്ൻ, ബ്യൂട്ടേൻ തുടങ്ങിയ ഒരു വലിയ നിര വ്യാവസായിക ഉത്പന്നങ്ങളും രാസവസ്തുക്കളും അതിൽനിന്ന് എടുക്കുന്നു.
പ്രകൃതിവാതകം ദ്രവീകൃതമാക്കാനുള്ള (എൽഎൻജി വിദ്യ കണ്ടുപിടിച്ചതോടെ അതിന്റെ തലവര മാറി. ഇന്ന് ഏറ്റവും സ്വീകാര്യതയുള്ള ഇന്ധനങ്ങളിൽ ഒന്നാണ് അത്. വൈദ്യുതി ഉത്പാദനത്തിനും രാസവള നിർമാണത്തിനും വാഹന ഗതാഗതത്തിനും (സിഎൻജി- കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ) നഗരങ്ങളിലെ പാചകത്തിനും (പിഎൻജി- പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) അതു വേണം.
പശ്ചിമേഷ്യയും മാറി
ക്രൂഡ് ഓയിൽ വിറ്റു പണം വാങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള ചൂതാട്ടകേന്ദ്രങ്ങളിലും ഉല്ലാസ നഗരങ്ങളിലും ബീച്ചുകളിലും അടിച്ചു പൊളിച്ചിരുന്ന ഷേയ്ക്കുമാരുടെ കാലം കഴിഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്നു ക്രൂഡും വാതകവും മാത്രമല്ല കയറ്റുമതി ചെയ്യുന്നത്. പെട്രോൾ, ഡീസൽ, പെട്രോകെമിക്കലുകൾ, രാസവളങ്ങൾ, അലൂമിനിയം, സിറാമിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, പോളിമറുകൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ വലിയ സ്ഥാനമുണ്ട് പശ്ചിമേഷ്യക്ക്.
ലോകവിപണിയിലെ രാസവളത്തിന്റെ ഗണ്യമായൊരു ഭാഗം ഇന്ന് അവിടെ നിന്നാണ്. ആഗോള യൂറിയ കയറ്റുമതിയുടെ 33 ശതമാനവും ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) കയറ്റുമതിയുടെ 20-23 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്. അലൂമിനിയത്തിന്റെ ആഗോള കയറ്റുമതിയുടെ 10 ശതമാനം ഈ രാജ്യങ്ങൾ നടത്തുന്നു.
ഹോർമുസ് അടഞ്ഞപ്പോൾ ഇവയുടെ കയറ്റുമതി മുടങ്ങി. കയറ്റുമതി ഒന്നുരണ്ടാഴ്ച മുടങ്ങിയാൽ ഉത്പാദനം നിർത്തേണ്ടി വരും. ഖത്തർ അടക്കം പലരും പ്രകൃതിവാതക ഉത്പാദനം നിർത്തി. കാരണം സൂക്ഷിക്കാൻ സൗകര്യം ഇല്ല. ഗണ്യമായ സ്റ്റോറേജ് സംവിധാനം ഉള്ള ക്രൂഡ് ഓയിലിന്റെ ഉത്പാദനവും കുറച്ചു വരികയാണ്. ഇറാഖ് കഴിഞ്ഞയാഴ്ച ഉത്പാദനം 15 ശതമാനം കുറച്ചു. കുവൈറ്റും ക്രൂഡ് ഉത്പാദനം കുറച്ചു. ഒപെക് രാജ്യങ്ങളിലെ ഉത്പാദനം പ്രതിദിനം 60 ലക്ഷം വീപ്പ കണ്ടു കുറച്ചു എന്നാണ് ശനിയാഴ്ച ഉള്ള കണക്ക്.
74 ദിവസത്തെ ക്രൂഡ്
ഇന്ത്യയടക്കം പല രാജ്യങ്ങളും വലിയ തോതിൽ ക്രൂഡ് ഓയിൽ വാങ്ങി ശേഖരിച്ചിട്ടുണ്ട്. 74 ദിവസം വേണ്ടത്ര ക്രൂഡ് ഉണ്ട് എന്നാണ് ഇന്ത്യ പറയുന്നത്. ഇത് എണ്ണ ടാങ്കറുകളിൽ വരുന്നതും റിഫൈനറികളിൽ ടാങ്കറുകളിലേക്ക് പകർത്താൻ സൂക്ഷിച്ചിരിക്കുന്നതും കൂടിയാണ്. പ്രായോഗികമായി നാലോ അഞ്ചോ ആഴ്ചത്തേക്കു വേണ്ടതു മാത്രമാകും റിസർവ്. മുന്നറിയിപ്പില്ലാതെ കപ്പൽച്ചാൽ അടച്ചപ്പോൾ സപ്ലൈ ശൃംഖല ഇടയ്ക്കു മുറിഞ്ഞതു പോലെയായി. അതു പരിഹരിച്ചു പഴയതുപോലെ ആക്കാൻ ഹോർമുസ് തുറന്ന് ആഴ്ചകൾ കഴിയണം.
അതിനിടെ രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ ഗാർഹിക മേഖലയ്ക്കു വേണ്ട പാചക വാതകത്തിന്റെ ലഭ്യത കൂട്ടാനാണു ഗവണ്മെന്റ് ശ്രമിക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇതിനു ചെയ്യുന്നത്.
ഒന്ന്: മറ്റ് വ്യാവസായിക ഉത്പന്നങ്ങൾക്കു പകരം പാചകവാതക ഉത്പാദനം നടത്താൻ റിഫൈനറികൾക്കു നിർദേശം നൽകി.
രണ്ട്: ഉപയോഗം നിയന്ത്രിക്കാൻ വില കൂട്ടുകയും സിലിണ്ടർ മാറ്റത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു. ഇന്ത്യക്ക് ആവശ്യമായ എൽപിജിയുടെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുകയാണ്. അതിൽ 90 ശതമാനം ഹോർമുസ് വഴിയായിരുന്നു. ഇത്രയും നഷ്ടം നികത്താൻ സാധാരണ നടപടികൾ കൊണ്ടു കഴിയില്ല. അടിയന്തരമായി മറ്റു രാജ്യങ്ങൾ സഹായിച്ചാലേ വിതരണം താറുമാറാകാതെ മുന്നോട്ടു പോകാൻ പറ്റൂ.
Business
മുംബൈ: ഒരു ദിവസം നല്കിയ നേട്ടത്തിനുശേഷം ഓഹരിവിപണി കൂപ്പുകുത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിൽ ഇടിവ് നേരിട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം ഏഴാം ദിവസത്തേക്കു കടന്നതും തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് വിപണിയുടെ തകർച്ചയ്ക്കു കാരണം.
സെൻസെക്സ് 1097 പോയിന്റ് (1.37%) താഴ്ന്ന് 78,919ലും നിഫ്റ്റി 315 പോയിന്റ് (1.27%) നഷ്ടത്തിൽ 24,450ലും വ്യാപാരം പൂർത്തിയാക്കി.
ഈ ആഴ്ചയിൽ നിഫ്റ്റിയും സെൻസെക്സും ഏകദേശം 2.9% വീതം ഇടിഞ്ഞു. നിഫ്റ്റിയെ സംബന്ധിച്ച് 2025 ഫെബ്രുവരി 28നുശേഷവും സെൻസെക്സിനാകട്ടെ 2024 ഡിസംബർ 20 നുശേഷവുമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവുമാണ്.
National
ന്യൂഡൽഹി: ഇന്ത്യക്ക് ക്രൂഡ് ഓയിൽ നല്കാൻ തങ്ങൾ എപ്പോഴും സന്നദ്ധമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെ ആഗോള എണ്ണവിലയിൽ വർധനയുണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ ഉപയോഗത്തിനുള്ള 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. ഇതിലേറെയും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
യുഎസുമായുള്ള വ്യാപാരക്കരാർ ഒപ്പുവച്ചതിനു പിന്നാലെ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായി.
International
മോസ്കോ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സഹായ ഹസ്തവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുമെന്ന് റഷ്യ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതോടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായത്. റഷ്യയിൽ നിന്നുള്ള എണ്ണ എത്തുന്നതോടെ ആഭ്യന്തര വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതോടെ നാലാഴ്ച വരെ രാജ്യത്തിന് ആവശ്യമായ ഇന്ധനം സംഭരണശാലകളിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തേക്കുള്ള 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളെത്തുന്നത്.
ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലായി 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുണ്ടെന്നും വരും ആഴ്ചകളിൽ അത് ഇന്ത്യയിലെത്തുമെന്നും റഷ്യ അറിയിച്ചു. ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ തയാറാണെന്ന് വ്യക്തമാക്കി.
International
വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ എണ്ണവില കുതിക്കുന്നു. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 7.4 ശതമാനം ഉയര്‍ന്ന് 71.97 ഡോളറിലെത്തി.
ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 7.7 ശതമാനം ഉയര്‍ന്ന് 78.42 ഡോളറായി. പ്രധാന എണ്ണവിതരണ മാര്‍ഗമായ ഹോര്‍മുസ് കടലിടുക്കിനു സമീപം കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് എണ്ണവില കുതിച്ചുയര്‍ന്നത്.
ഇറേനിയന്‍ ഡ്രോണുകള്‍ ആക്രമിക്കുമെന്ന ആശങ്കയെത്തുടര്‍ന്നു സൗദി അരാംകോ ദമ്മാമിനടുത്തുള്ള റാസ് തനുര എണ്ണ ശുദ്ധീകരണശാല ഇന്നലെ താത്കാലികമായി അടച്ചു.
എണ്ണ ശുദ്ധീകരണശാല ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകള്‍ വീഴ്ത്തിയതായി സൗദി അധികൃതര്‍ പറഞ്ഞു. പ്രതിദിനം അര ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണ ഇവിടെ ശുദ്ധീകരിക്കുന്നുണ്ട്.
ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉത്പാദനം നിര്‍ത്തുമെന്ന് ഖത്തര്‍ എനര്‍ജിയും ഇന്നലെ പ്രഖ്യാപിച്ചു. ഉത്പാദനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേഖലയിലെ മറ്റ് എണ്ണയുത്പാദക രാജ്യങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുമോ എന്നതിലാണ് വിപണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ സംഘര്‍ഷം അവസാനിച്ചാല്‍ വളരെ വേഗംതന്നെ എണ്ണവില സാധാരണനിലയിലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Business
ന്യൂഡൽഹി: 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം റഷ്യൻ ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
പൊതുമേഖലയിലുള്ള റിഫൈനറികളും റിലയൻസ് ഇൻഡസ്ട്രീസും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഗണ്യമായി കുറച്ച സാഹചര്യത്തിലാണ് ഇതെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ അറിയിച്ചു.
നവംബറിൽ 3.3 ബില്യൺ യൂറോയുടെ ഇറക്കുമതി നടത്തിയിരുന്ന രാജ്യം ഡിസംബറിൽ നടത്തിയത് 2.3 ബില്യൺ യൂറോയുടെ ഇറക്കുമതിയാണ്. രണ്ടാമത്തെ വലിയ ഇറക്കുമതി ഇപ്പോൾ തുർക്കിയുടെ പേരിലാണ്.
റഷ്യയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 49 ശതമാനവും (6 ബില്യൺ യൂറോ) സംഭാവന ചെയ്തുകൊണ്ട് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ ഇറക്കുമതിയിൽ 78 ശതമാനവും ക്രൂഡ് ഓയിൽ ആയിരുന്നു.
ബാക്കി കൽക്കരി (424 മില്യൺ യൂറോ) എണ്ണ ഉത്പന്നങ്ങൾ (82 മില്യൺ യൂറോ) എന്നിങ്ങനെയായിരുന്നു. ക്രൂഡ് ഓയിലിനായി നവംബറിൽ 2.6 ബില്യൺ യൂറോ ആണ് ഇന്ത്യ ചെലവഴിച്ചത്.
യുക്രെയ്ൻ അധിനിവേശത്തിനു ഫണ്ട് ലഭിക്കുന്നത് തടയാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ റോസ്നെഫ്റ്റിനും ലുകോയ്ലിനും മേൽ ഉപരോധം ചുമത്തിയതോടെയാണ് ഇന്ത്യൻ കന്പനികൾ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിലേക്കു നീങ്ങിയത്.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ചരിത്രത്തിൽ ആദ്യമായി രൂപയുടെ മൂല്യം 91 കടന്നു. ഇന്നലെ ഡോളറിനെതിരേ 23 പൈസ നഷ്ടത്തിൽ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.01ൽ വ്യാപാരം പൂർത്തിയാക്കി.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നത്, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ബ്രേക്ക് ത്രൂ കാണാത്തത്, ഡോളറിന്റെ വാങ്ങൽ ഉയർന്നത് എന്നിവ രൂപയുടെ വീഴ്ചയ്ക്കു കാരണമായി.
ഇന്നലെ വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപ തലേന്നത്തെ ക്ലോസിംഗിനേക്കാൾ 36 പൈസ നഷ്ടത്തിൽ 91.14 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. പിന്നീട്, ചെറിയ നേട്ടമുണ്ടാക്കി.
ഡോളർ ദുർബലമായതും ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവും പോലും രൂപയുടെ വീഴ്ചയെ തടയാനായില്ലെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ പത്ത് വ്യാപാര സെഷനുകളിൽ രൂപയുടെ മൂല്യം ഡോളറിന് 90 എന്ന നിലയിൽനിന്ന് 91ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ചു സെഷനുകളിൽ മാത്രം ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം ഇടിവുണ്ടായി.
വിദേശനാണ്യ വ്യാപാരികളുടെ അഭിപ്രായത്തിൽ ഈ മാസം തന്നെ ഡോളറിനെതിരേ മൂല്യം 92 കടക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 90.87ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 90.76 മുതൽ 91.14 വരെയുള്ള റേഞ്ചിൽ വ്യാപാരം നടത്തി. അവസാനം 91.01 എന്ന നിലയിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 90.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
പയർവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനയുണ്ടായിട്ടും മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ തുടർച്ചയായ രണ്ടാം മാസവും -0.32 ശതമാനം നെഗറ്റീവായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ -1.21 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 2.16 ശതമാനത്തിലായിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.08 ശതമാനം ഇടിഞ്ഞ് 98.23 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.അസംസ്കൃത എണ്ണ വില ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.78 ശതമാനത്തോളം താഴ്ന്ന് ബാരലിന് 59.48 ഡോളർ എന്ന നിലയിലെത്തി.
ഓഹരിവിപണി നഷ്ടത്തിൽ
ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ. സെൻസെക്സ് 533.50 പോയിന്റ് (0.63%) താഴ്ന്ന് 84,679.86ലും നിഫ്റ്റി 167.20 (0.64%) നഷ്ടത്തിൽ 25,860.10ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയും വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) തുടർച്ചയായ ഓഹരി വിറ്റഴിക്കൽ, ദുർബലമായ ആഗോള സൂചനകൾ എന്നിവയുമാണ് ഓഹരിവിപണിയെ ബാധിച്ചത്.
National
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നാല് ശതമാനം ഉയർന്ന് അഞ്ച് മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 260 കോടി യൂറോയിൽ എത്തിയെന്ന് റിപ്പോർട്ട്. ഇതിലൂടെ സംസ്കരിച്ച ഇന്ധനത്തിന്റെ വലിയ ശതമാനവും ഓസ്ട്രേലിയയിലേക്കു കയറ്റുമതി ചെയ്തു.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ അറിയിച്ചു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം നിലവിൽ വരുന്നതിനു മുൻപേ കയറ്റി അയച്ച ചരക്കാണ് ഇപ്പോൾ രാജ്യത്തെത്തുന്നത്. വർധന രേഖപ്പെടുത്തുന്നത് ഈ മാസവും തുടരും.
റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കന്പനികളായ റോസ്നെഫ്റ്റിനും ലൂകോയ്ലിനും മേൽ ഒക്ടോബറിൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്പിസിഎൽ-മിത്തൽ എനർജി ലിമിറ്റഡ്, മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവ ഇറക്കുമതി നിർത്തിവച്ചു. അതേസമയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇറക്കുമതി തുടരുന്നുണ്ട്.
Business
മുംബൈ: ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നു. ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്.
വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ഉയർന്ന അസംസ്കൃത എണ്ണ വില, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യം ഇടിക്കുന്നത്. തകർച്ച തടയാൻ ആർബിഐയുടെ ദൃശ്യമായ ഇടപെടൽ ഇല്ലാത്തത് രൂപയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 89.96 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഏറ്റവും കുറഞ്ഞ മൂല്യമായ 90.30ലെത്തി. അവസാനം തലേന്നത്തെ നിലവാരത്തേക്കാൾ 19 പൈസ താഴ്്ന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 43 പൈസ നഷ്ടത്തിൽ 89.96ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
അസംസ്കൃത എണ്ണ വില ബാരലിന് 63 ഡോളറിനു മുകളിലാണ്. ഡോളർ സൂചിക 99.16 എന്ന ഉയർന്ന നിലവാരത്തിലാണ്.
ഓഹരിവിപണിയും നഷ്ടത്തിൽ
ഇന്ത്യൻഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും തകർച്ചയിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വില്പനയും രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും സൂചികകളിൽ പ്രതിഫലിച്ചു.
സെൻസെക്സ് 31.46 പോയിന്റ് ഇടിഞ്ഞ് 85,107ലെത്തി. നിഫ്റ്റി 46 പോയിന്റ് നഷ്ടത്തോടെ 25,986ൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ കനത്ത തിരിച്ചടി നേരിട്ടത് വിശാല സൂചികകളിലാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.98 ശതമാനവും സ്മോൾകാപ് സൂചിക 0.71 ശതമാനവും ഇടിവിലാണ്.
നിഫ്റ്റി മേഖലാ സൂചികകളിൽ പൊതുമേഖല ബാങ്ക് ഓഹരികൾ 3.07 ശതമാനത്തിലെത്തി ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഓട്ടോ (1.20%), മെറ്റൽ (0.49%), എഫ്എംസിജി (0.80%), റിയൽറ്റി (0.75%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.57%), ഓയിൽ ആൻഡ് ഗ്യാസ് (0.62%), ഹെൽത്ത്കെയർ (0.32) എന്നിവ താഴ്ന്നു.
ഐടി (0.76%), പ്രൈവറ്റ് ബാങ്ക് (0.57%) സൂചികകൾ നേട്ടത്തിലെത്തി.